ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചാണ് ലിയണൽ മെസ്സി തന്റെ അടുത്ത ക്ലബായി ഇന്റർ മയാമിയെ തെരഞ്ഞെടുത്തത്. പി എസ് ജിയിലെ രണ്ടുവർഷ കരാർ പൂർത്തിയാക്കിയ മെസ്സിയെ സ്വന്തമാക്കാൻ സൌദി ക്ലബ് അൽ നസ്ർ 400 മില്യൺ യൂറോയാണ് ഓഫർ ചെയ്തത്. ബാഴ്സലോണയും ന്യൂകാസിലും ഇന്റർ മിലാനുമെല്ലാം മെസ്സിയെ സ്വീകരിക്കാൻ തയ്യാറായ ക്ലബുകളാണ്. എന്നാൽ ഇതെല്ലാം നിരസിച്ച് മെസ്സി മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിതെരഞ്ഞെടുക്കുകയായിരുന്നു.
അമേരിക്കൻ ലീഗിലെ ഈസ്റ്റേൺ കോൺഫറൻസിൽ തുടർതോൽവികളോടെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുകയാണിപ്പോൾ ഇന്റർ മയാമി. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മയാമി തുടർച്ചയായ ആറാംതോൽവിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. 17കളിയിൽ 15 പോയിന്റ് മാത്രമുള്ള ഇന്റർ മയാമി ലീഗിൽ അവസാന സ്ഥാനത്താണ്.
മെസ്സിയുടെ വരവ് പ്രഖ്യാപിച്ചെങ്കിലും നിലവിലെ താരങ്ങൾക്ക് ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല. 51 മിനിറ്റിനിടെ മൂന്ന് ഗോൾ വഴങ്ങിയ ഇന്റർ മയാമിക്ക് ജോസഫ് മാർട്ടിനസ് പെനാൽറ്റിയിലൂടെ നേടിയ ഗോൾ മാത്രമാണ് ആശ്വസിക്കാനുണ്ടായിരുന്നത്. സീസണിൽ ആകെ പന്ത്രണ്ട് കളിയിൽ ഇന്റർ മയാമി തോറ്റ് കഴിഞ്ഞു. തുടർതോൽവികളിൽ നിന്ന് രക്ഷയില്ലാതായതോടെ കോച്ച് ഫിൽ നെവിലിനെ പുറത്താക്കിക്കഴിഞ്ഞു. താൽക്കാലിക കോച്ച് യാവിയർ മൊറെയ്ൽസിന് കീഴിലാണിപ്പോൾ ഇന്റർ മയാമികളിക്കുന്നത്. മൊറെയ്ൽസിനും ടീമിന്റെ മൊറെയ്ൽ തിരിച്ച് പിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
തുടർതോൽവികൾ നേരിട്ടതോടെ ഈ സീസണിൽ ഇന്റർ മയാമി പ്ലേ ഓഫിലേക്ക് യോഗ്യതനേടില്ലെന്ന് ഏറക്കുറെ ഉറപ്പായി. ജൂലൈ ഇരുപത്തിയൊന്നിനേ മെസ്സി അമേരിക്കൻ ക്ലബിനൊപ്പംചേരൂ. പി എസ് ജിയിലെ മത്സരങ്ങൾ പൂർത്തിയായെങ്കിലും മെസ്സിക്ക് ജൂൺ 30 വരെ കരാറുണ്ട്. ഇപ്പോൾ യൂറോപ്പിൽ അവധിക്കാലം ആസ്വദിക്കുകയാണ് മെസ്സി. മെസ്സി എത്തുന്നതോടെ ഇന്റർ മയാമിയിൽ എന്ത് മാറ്റമുണ്ടാവുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്തായാലും നിലവിലെ സാഹചര്യത്തിൽ ഇന്റർ മയാമിയുടെ കാര്യം പരിതാപകരമാണ്. ഇതുകൊണ്ടുതന്നെ മെസ്സിയുടെ തീരുമാനം തെറ്റിയെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്.
Tags: Inter Miami, Lionel Messi, Al-Hilal, David Beckham, Fox Soccer, Lionel Messi, NBA

0 അഭിപ്രായങ്ങള്‍