Ads

header ads

സാഫിൽ ഇന്ത്യ സേഫ്

  • കുവൈറ്റിനെ തോൽപിച്ച് ചാമ്പ്യൻമാർ
  • ഇന്ത്യക്ക് ഒൻപതാം കിരീടം
  • രക്ഷകനായി ഗോളി ഗുർപ്രീത് സിംഗ് സന്ധു

സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ചാമ്പ്യൻമാർ. പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് നീണ്ട ഫൈനലിലാണ് ഇന്ത്യയുടെ വിജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമും ഓരോഗോൾ വീതം നേടി സമനില പാലിച്ചു. ഷൂട്ടൌട്ടിൽ നാലിനെതിരെ അഞ്ച് ഗോളിനാണ് ഇന്ത്യയുടെ ജയം. 

ഷൂട്ടൌട്ടിലെ അവസാന കിക്ക് തടുത്തിട്ട ഗോളി ഗുർപ്രീത് സന്ധുവാണ് ഇന്ത്യയുടെ വിജയശിൽപി. ഒൻപതാം തവണയാണ് ഇന്ത്യ സാഫ് കപ്പിൽ ചാമ്പ്യൻമാരാവുന്നത്. 

പതിനാറാം മിനിറ്റിൽ കുവൈറ്റാണ് ആദ്യം ഗോൾ നേടിയത്. അൽ ഖൽദിയായിരുന്നു സ്കോറർ. മുപ്പത്തിയെട്ടാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തേയിലൂടെ ഇന്ത്യ ഒപ്പമെത്തി. ആഷിഖ് കുരുണിയനും സഹൽ അബ്ദുൽ സമദും ഒരുക്കിയ മനോഹരമായ മലയാളിഗോൾ. സഹലിന്റെ പാസ് ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ചാങ്തേയ്ക്ക് തട്ടിയിട്ടാൽ മതിയായിരുന്നു. സമീപകാലത്ത് ഇന്ത്യ നേടിയ ഏറ്റവും മികച്ച ടീം ഗോളുകളിൽ ഒന്നുകൂടിയാണിത്. 


എട്ട് മഞ്ഞക്കാർഡ് പിറന്നെങ്കിലും നിശ്ചിത സമയത്ത് ലീഡ് നേടാൻ ഇരുടീമിനും കഴിഞ്ഞില്ല. അധികസമയത്ത് നന്നായി കളിച്ചത് കുവൈറ്റാണെങ്കിലും ഇന്ത്യ ഗോൾ വഴങ്ങിയില്ല. സെമിക്ക് പിന്നാലെ ഫൈനലിലും ഇന്ത്യക്ക് ഷൂട്ടൌട്ട് പരീക്ഷണം. 

ഇന്ത്യക്കായി ആദ്യ കിക്കെടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചില്ല. കുവൈറ്റിന്റെ അബ്ദുള്ളയുടെ കിക്ക് ക്രോസ്ബാറിൽ തട്ടിത്തെറിച്ചപ്പോൾ ഇന്ത്യ മുന്നിൽ. രണ്ടാംകിക്ക് സന്ദേശ് ജിംഗാനും അനായാസം ഗോളാക്കി. മൂന്നാംകിക്ക് ചാങ്തേ ഗോളാക്കിയപ്പോൾ നാലാം കിക്കിൽ ഉദാന്ത സിംഗിന് പിഴച്ചു. ഉദാന്തയുടെ കിക്ക് പോസ്റ്റിന് മുകളിലൂടെ പറന്നു. ഇതോടെ സ്കോർ 3-3ന് സമനിലയിൽ. 

അഞ്ചാം കിക്ക് സുഭാശിഷ് ബോസുംലക്ഷ്യത്തിലെത്തിച്ചപ്പോൾ കുവൈറ്റിന്റെ അൽ ഖൽദിയും ഗോളാക്കി. സഡൺഡെത്തിലെ ആദ്യകിക്ക് മഹേഷ് സിംഗ് ഇന്ത്യക്കായി  ലക്ഷ്യം കണ്ടപ്പോൾ ഖാലിദ് അൽ ഇബ്രാഹിമിന്റെ കിക്ക് ഗുർപ്രീത് സിംഗ് പറന്ന് തടുത്തിട്ടപ്പോൾ ഇന്ത്യ സാഫ് കപ്പിൽ ചാമ്പ്യൻമാർ. കഴിഞ്ഞ മാസം ഇന്ത്യ ഇന്റർകോണ്ടിനെന്റൽ കപ്പിലും ചാമ്പ്യൻമാരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍