ലിയണൽ മെസ്സി തരംഗത്തിലാണ് ഇന്റർ മയാമിയും മേജർ ലീഗ് സോക്കറും. അമേരിക്കൻ ഫുട്ബോളിന് ഇന്നോളമില്ലാത്ത പ്രധാന്യമാണ് മെസ്സിയുടെ വരവോട് കിട്ടിയിരിക്കുന്നത്. മെസ്സി ഇറങ്ങിയ നാല് കളിയും ജയച്ചതോടെ ഇന്റർ മയാമി ലീഗ്സ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലും സ്ഥാനം പിടിച്ചു. നാല് കളിയിൽ ഏഴ് ഗോളും ഒരു അസിസ്റ്റുമാണ് മെസ്സിയുടെ പേരിനൊപ്പമുള്ളത്.
ഇതിനിടെ ഇന്റർ മയാമിയിലേക്കുള്ള മെസ്സിയുടെ വരവിനെ ചോദ്യം ചെയ്ത ഗോൾകീപ്പർ നിക്ക് മാർസ്മാനെ ടീമിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ് ഡേവിഡ് ബെക്കാമും ടീം മാനേജ്മെന്റും. മെസ്സിയുമായി കരാറിലെത്തും മുൻപായിരുന്നു നിക്കിന്റെ വിമർശനം.
മെസ്സിയെപ്പോലൊരു താരത്തിന് കളിക്കാനുള്ള സൌകര്യം ഇന്റർ മയാമിയിലില്ല. താൽക്കാലിക സ്റ്റേഡിയത്തിലെ സൌകര്യങ്ങൾ പരിമിതമാണ്. സുരക്ഷാക്രമീകരണങ്ങൾ ദുർബലമായതിനാൽ ആർക്കുവേണമെങ്കിലും ഗ്രൌണ്ടിൽ ഇറങ്ങാവുന്ന അവസ്ഥയാണ്. മെസ്സിയെ സ്വീകരിക്കാൻമാത്രം ഇന്റർ മയാമി വളർന്നിട്ടില്ലെന്നായിരുന്നു ജൂണിൽ നിക്കിന്റെ പരാമർശം.
എന്നാൽ മെസ്സി ക്ലബിൽ എത്തിയതിന് ശേഷം കണ്ടത് നേരേ തിരിച്ചുള്ള കാഴ്ചകളായിരുന്നു. മെസ്സി തരംഗത്തിൽ ഇന്റർ മയാമി അമേരിക്കൻ സോക്കറിന്റെ കേന്ദ്രബിന്ദുവായി മാറി. ലോകത്ത് എല്ലായിടത്തും ഇന്റർ മയാമിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.
ഇതിന് പിന്നാലെയാണിപ്പോൾ ഡച്ച് ഗോൾകീപ്പറുടെ കരാർ ഇന്റർ മയാമി റദ്ദാക്കിയത്. 2021ൽ മയാമിയിലെത്തിയ നിക് മാർസ്മാൻ ക്ലബിന് വേണ്ടി 29 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. നിലവിൽ ടീമിലെ രണ്ടാം ഗോൾകീപ്പറായിരുന്നു നിക് മാർസ്മാൻ.


0 അഭിപ്രായങ്ങള്‍