ഫുട്ബോളിൽ പത്താം നമ്പർ ജഴ്സിക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. പൊതുവെ ടീമിലെ ഏറ്റവും മികച്ച താരമായിരിക്കും പത്താം നമ്പർ ജഴ്സി അണിയുക. പെലെയും മറഡോണയുമെല്ലാം പത്താം നമ്പർ ജഴ്സി അനശ്വരമാക്കിയ താരങ്ങളാണ്. ഇപ്പോൾ അർജന്റൈൻ നായകൻ ലിയണൽ മെസ്സി ധരിക്കുന്നതും പത്താം നമ്പറാണ്.
മെസ്സിയുടെ പത്താം നമ്പർ ജഴ്സി അർജന്റൈൻ ഫുട്ബോളിന് നേടിക്കൊടുക്കാത്ത കിരീടങ്ങളില്ല. അർജന്റീനയ്ക്ക് സാധ്യമായ എല്ലാ കിരീടങ്ങളും മെസ്സി നേടിക്കൊടുത്തു. കോപ്പ അമേരിക്ക സ്വന്തമാക്കിയായിരുന്നു നേട്ടങ്ങളുടെ തുടക്കം. പിന്നെ ഫൈനലിസിമയിലൂടെ രണ്ടാം കിരീടം. ഒടുവിൽ ലോകകപ്പും മെസ്സിയും സംഘവും സ്വന്തമാക്കി. ഇതുകൊണ്ടുതന്നെ അർജന്റൈൻ ഫുട്ബോളിന് മെസ്സി നൽകിയ സംഭാവനകളെ മാനിച്ച് ദേശീയ ടീമിന്റെ പത്താം നമ്പർ മെസ്സിക്കൊപ്പം വിരമിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
മെസ്സിക്കുള്ള ആജീവാനന്ത ആദരവായി പത്താം നമ്പർ ജഴ്സി പിൻവലിക്കുമെന്ന് അർജന്റൈൻ ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ ക്ലോഡിയോ ടാപിയ വ്യക്തമാക്കി. മെസ്സി ദേശീയ ടീമിൽ നിന്ന് വിരമിക്കുമ്പോൾ പത്താം നമ്പർ ജഴ്സിയും ചരിത്രത്തിന്റെ ഭാഗമാവും. മെസ്സിക്ക് ശേഷം പത്താം നമ്പർ ജഴ്സി ഞങ്ങൾ ആർക്കും നൽകില്ല. മെസ്സിക്ക് അവകാശപ്പെട്ടതാണ് പത്താം നമ്പർ. മെസ്സി വിരമിക്കുമ്പോൾ അർജന്റീനയുടെ പത്താം നമ്പറും എന്നേക്കുമായി വിരമിക്കും. മെസ്സിക്കുവേണ്ടി ചെയ്യാൻ കഴിയുന്ന ചെറിയകാര്യം മാത്രമാണിതെന്നും ക്ലോഡിയോ ടാപിയ പറഞ്ഞു.
മുൻപ് മറഡോണയോടുള്ള ആദര സൂചകമായി അർജന്റീനയുടെ പത്താം നമ്പർ ജഴ്സി പിൻവലിക്കാൻ ശ്രമം നടന്നിരുന്നു. ഒന്നുമുതൽ 23 വരെയുള്ള നമ്പറുകൾ താരങ്ങൾക്ക് നിർബന്ധമായും നൽകണമെന്നാണ് ഫിഫയുടെ നിയമം. ഈ നിയമം കാരണമാണ് മുൻപ് പത്താം നമ്പർ പിൻവലിക്കുന്നതിൽ നിന്ന് അർജന്റീന പിൻമാറിയത്. മെസ്സിയുടെ കാര്യത്തിൽ ഇത് എങ്ങനെ പ്രാവർത്തികമാക്കുമെന്ന് കണ്ടുതന്നെ അറിയണം. അർജന്റീനക്കായി 180 മത്സരങ്ങളിൽ നിന്ന് മെസ്സി 106 ഗോളുകൾ നേടിയിട്ടുണ്ട്.


0 അഭിപ്രായങ്ങള്‍