കോപ്പ അമേരിക്കയിൽ പരാഗ്വേയ്ക്കെതിരെ ആധികാരിക വിജയമാണ് ബ്രസീൽ നേടിയത്. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. വിനിഷ്യസ് ജൂനിയർ രണ്ടും ലൂക്കാസ് പക്വേറ്റയും സാവിയോയും ഓരോ ഗോളും നേടി. മത്സരത്തിനിടെ ബ്രസീൽ ആരാധകർ പക്വേറ്റയ്ക്കെതിരെ രംഗത്ത് എത്തിയതും ശ്രദ്ധേയമായി.
പരാഗ്വേയ്ക്കെതിരെ മുപ്പത്തിയൊന്നാം മിനിറ്റിൽ മുന്നിലെത്താൻ ബ്രസീലിന് സുവർണാവസരം കിട്ടിയിരുന്നു. എന്നാൽ ലൂക്കാസ് പക്വേറ്റ പെനാൽറ്റി പുറത്തേക്കടിച്ച് കളയുകയായിരുന്നു. ഇത് ആരാധകർക്ക് വലിയ നിരാശയായി. ഇതിന് ശേഷമാണ് വിനിഷ്യസിന്റെയും സാവിയോയുടെയും ഗോളുകൾ വന്നത്.
അറുപത്തിയഞ്ചാം മിനിറ്റിൽ ബ്രസീലിന് വീണ്ടും പെനാൽറ്റി കിട്ടി. ഈ കിക്കെടുക്കാൻ എത്തിയതും പക്വേറ്റ ആയിരുന്നു. അപ്പോഴാണ് ബ്രസീൽ ആരാധകർ പക്വേറ്റയ്ക്കെതിരെ രംഗത്ത് എത്തിയത്. ആദ്യ പെനാൽറ്റി പാഴാക്കിയ പക്വേറ്റ കിക്ക് എടുക്കരുത് എന്നായിരുന്നു ആരാധകരുടെ ആവശ്യം.
ഇതോടെ വിനിഷ്യസ് ആരാധകരോട് ശാന്തരായിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇത്തവണ കിക്കെടുത്ത പക്വേറ്റയ്ക്ക് പിഴച്ചില്ല. ബ്രസീൽ നാലാം ഗോൾ നേടുകയും ആധികാരിക ജയം സ്വന്തമാക്കുകയും ചെയ്തു.

0 അഭിപ്രായങ്ങള്‍