ജൂലൈ 27ന് തുടങ്ങുന്ന ഡ്യൂറൻ കപ്പോടെയാണ് ഇത്തവണത്തെ ഇന്ത്യൻ ഫുട്ബോൾ സീസണ് ആരംഭമാവുക. ഡ്യൂറൻഡ് കപ്പിന്റെ നൂറ്റി മുപ്പത്തിമൂന്നാം പതിപ്പിൽ ഇരുപത്തിനാല് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ ജൂലൈ 27ന് വൈകിട്ട് ആറിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഡൌൺ ടൌൺ ഹീറോസിനെ നേരിടും.
24 ടീമുകൾ ആറ് ഗ്രൂപ്പുകളിലായാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 43 മത്സരങ്ങളുണ്ടാവും. കൊൽക്കത്ത, കൊക്രാജർ, ഷില്ലോംഗ്, ജംഷെഡ്പൂർ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളടീമുകളും ഇത്തവണ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് പതിനെട്ടിനാണ് ഫൈനൽ.കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. മുംബൈ സിറ്റി എഫ്സി, പഞ്ചാബ് എഫ് സി, സിഐഎസ്എഫ് പ്രൊട്ടെക്ടേഴ്സ് എന്നിവരാണ് ഗ്രൂപ്പ് സിയിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഓഗസ്റ്റ് ഒന്നിന് കരുത്തരായ മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. കൊൽക്കത്തയിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഓഗസ്റ്റ് നാലിന് പഞ്ചാബ് എഫ് സിയുമായി ഏറ്റുമുട്ടും. ഓഗസ്റ്റ് പത്തിന് സിഐഎസ്എഫ് പ്രൊട്ടെക്ടേഴ്സിനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം.


0 അഭിപ്രായങ്ങള്‍