മേജർ ലീഗ് സോക്കറിൽ മെസ്സി തരംഗമാണ്. ഇന്റർ മയാമിയിൽ അരേങ്ങറ്റം കുറിച്ചത് മുതൽ എല്ലാക്കളിയിലും മെസ്സി ഗോൾ നേടിക്കഴിഞ്ഞു. ഇതോടെ ഇന്റർ മയാമി ക്ലബിന്റെ ചരിത്രത്തിലെ ആദ്യ ഫൈനലിനും യോഗ്യത നേടി. മെസ്സിക്കരുത്തിൽ ലീഗ്സ് കപ്പിന്റെ കിരീടപ്പോരാട്ടത്തിനാണ് ഇന്റർ മയാമി ഒരുങ്ങുന്നത്. നാഷ് വില്ലെയാണ് എതിരാളികൾ.
ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ ആറരയ്ക്കാണ് ഫൈനൽ. നാഷ് വില്ലെയുടെ ഹോംഗ്രൌണ്ടിലാണ് ഫൈനൽ നടക്കുക. മെസ്സിയുടെ വരവോടെ എതിരാളികളുടെ തട്ടകത്തിലായിട്ടും മത്സരത്തിന് തീവിലയാണ്. ഇതാവട്ടേ കിട്ടാനുമില്ല.
ഫൈനലിന്റെ ഉയർന്ന ടിക്കറ്റ് വില 12,075 ഡോളറാണ്. ഇന്ത്യൻ രൂപയിലേക്ക് വരുമ്പോൾ പത്ത് ലക്ഷത്തോളമാണിത്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 484 ഡോളറാണ്. ഇത് നാൽപതിനായിരം രൂപയോളം വരും ഇന്ത്യൻ മൂല്യത്തിൽ.
മെസ്സി വന്നതോടെയാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ അവസാന ഫൈനലിൽ 77 ഡോളറായിരുന്നു കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ലീഗ്സ് കപ്പിന്റെ ടിക്കറ്റ് വിലയിൽ തൊട്ടാൽ പൊള്ളുമെന്നുറപ്പ്. മെസ്സി ഇന്റർ മയാമിയിൽ എത്തിയതിന് ശേഷം ക്ലബിന്റെ മത്സരങ്ങളുടെ ടിക്കറ്റ് വില പതിൻമടങ്ങ് വർധിച്ചു. എതിരാളികളുടെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്കും ഇതുപോലെ ഉയർന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം.
ആറ് കളിയിൽ ഒൻപത് ഗോളാണ് മെസ്സി സ്വന്തമാക്കിയിരിക്കുന്നത്. ടൂർണമെന്റിലെ ടോപ് സ്കോററും മെസ്സിയാണ്. ഫൈനലിലും ഗോളടിച്ചാൽ എല്ലാ മത്സരത്തിലും എതിരാളികളുടെ വലയിൽ പന്തെത്തിച്ച് കിരീടം സ്വന്തമാക്കുന്നുവെന്ന അപൂർവ നേട്ടവും മെസ്സിക്ക് സ്വന്തമാവും.


0 അഭിപ്രായങ്ങള്‍