Ads

header ads

കോച്ച് മഷറാനോയോട് മാപ്പ് ചോദിച്ച് അർജന്റൈൻ സൂപ്പർതാരം

Argentina superstar confirms he will not take part for nation at 2024 Olympics

ലോക ഫുട്ബോളിലെ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ അർജന്റീന കോപ്പ അമേരിക്ക നിലനിർത്താനുള്ള ശ്രമത്തിലാണിപ്പോൾ. ആദ്യരണ്ട് കളിയും ജയിച്ച് മെസ്സിയും സംഘവും ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിക്കഴിഞ്ഞു. കോപ്പ അമേരിക്കയ്ക്ക് ശേഷം മറ്റൊരു കിരീടവും അർജന്റീനയെ കാത്തിരിക്കുന്നുണ്ട്. പാരിസ് വേദിയാവുന്ന ഒളിംപിക്സ് ഫുട്ബോൾ. 23 വയസ്സിൽ താഴെയുള്ളവർക്കാണ് ഒളിംപിക്സ് ഫുട്ബോളിൽ കളിക്കാൻ അനുമതി. മുൻതാരം ഹവിയർ മഷറാനോയാണ് അ‍ർജന്റൈൻ ഒളിംപിക്സ് ടീമിന്റെ പരിശീലകൻ. 

ഏറ്റവും മികച്ച ടീമിനെ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ മഷറാനോ സീനിയർ താരങ്ങളേയും ടീമിലേക്ക് പരിഗണിച്ചിരുന്നു. ഇതിൽ ഒരാളായിരുന്നു ചെൽസിയുടെ ഇരുപത്തിരണ്ടുകാരൻ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ്. എന്നാലിപ്പോ‌ൾ പാരിസ് ഒളിംപിക്സിൽ കളിക്കാൻ താനുണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എൻസോ. ഒളിംപിക്സിൽ കളിക്കാമെന്ന് പറഞ്ഞതിന് ശേഷം പിൻമാറുന്നതിൽ കോച്ച് മഷറാനോയോട് മാപ്പ് ചോദിക്കുന്നുവെന്നും എൻസോ പറഞ്ഞു. നിലവിൽ കോപ്പ അമേരിക്ക ടീമിലെ  അംഗമാണ് എൻസോ ഫെർണാണ്ടസ്. ചിലിക്കെതിരെ ഒറ്റഗോളിന് ജയിച്ച മത്സരത്തിൽ എൻസോ 64 മിനിറ്റ് കളിക്കുകയും ചെയ്തു. 

ഒളിംപിക്സിൽ കളിക്കാനുള്ള അനുമതി ചെൽസി പിൻവലിച്ചതോടെയാണ് എൻസോ ദേശീയ ടീമിൽ നിന്ന് പിൻമാറിയത്. ചെൽസി കോച്ച് മൗറീസിയോ പൊച്ചെറ്റീനോയുടെ അനുമതിയോടെയാണ് എൻസോ ഒളിംപിക്സിൽ കളിക്കാമെന്ന് മഷറാനോയോട് സമ്മതിച്ചത്. എന്നാൽ ഇതേസമയം തന്നെ പ്രീ സീസൺ മത്സരങ്ങൾ നടക്കുന്നതിനാൽ ചെൽസി മാനേജ്മെന്‍റ് എൻസോയുടെ അനുമതി റദ്ദാക്കുകയായിരുന്നുവെന്ന് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി. 

ഒളിംപിക്സ് ഫുട്ബോൾ ഫിഫ കലണ്ടറിൽ ഉൾപ്പെടാത്തതിനാൽ ക്ലബുകൾക്ക് താരങ്ങളെ ദേശീയ ടീമുകൾക്ക് വിട്ടുകൊടുക്കണമെന്ന് നിർബന്ധമില്ല. ഈ വ്യവസ്ഥ നിലനിൽക്കുന്നതിനാലാണ് ചെൽസി എൻസോയുടെ ഒളിംപിക്സ് മോഹങ്ങൾ തല്ലിക്കെടുത്തിയത്. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ പ്രധാന വിജയശിൽപികളിൽ ഒരാളായ എൻസോ ഫെർണാണ്ടസ് മികച്ച യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍