Ads

header ads

കോപ്പയിൽ മെസ്സിക്ക് പകരമെത്തുക സർപ്രൈസ് താരം


കോപ്പ അമേരിക്കയിൽ ആദ്യരണ്ട് കളിയും ജയിച്ച് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. ഇതുകൊണ്ടുതന്നെ ചിലിക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ലിയണൽ മെസ്സിക്ക് അടുത്ത കളിയിൽ വിശ്രമം നൽകാനാണ് അർജന്റൈൻ കോച്ച് ലിയണൽ സ്കലോണിയുടെ തീരുമാനം. 

മെസ്സിക്കൊപ്പം മറ്റ് താരങ്ങൾക്കും വിശ്രമം നൽകുമെന്നും റിസർവ് താരങ്ങൾക്ക് അവസരം നൽകുമെന്നും സ്കലോണി വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ മെസ്സിക്ക് പകരം ആര് പ്ലേയിംഗ് ഇലവനിലെത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് അർജന്റൈൻ ആരാധകർ.

അർജന്റൈൻ ടീമിൽ എപ്പോഴും ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പുള്ള അപൂർവം താരങ്ങളിൽ ഒരാളാണ് മെസ്സി. മെസ്സിയുടെ പ്രകടനമാണ് ഓരോ കളിയിലും അർജന്റീനയുടെ ഭാവിനിശ്ചയിക്കുന്നത്. ചിലിക്കെതിരെ കാലിലെ തുടയ്ക്ക് പരിക്കേറ്റ മെസ്സി പൂർണ ആരോഗ്യത്തോടെയല്ല കളിച്ചത്. മത്സരശേഷം മെസ്സി തന്നെ ഇത് വ്യക്തമാക്കി. 

ക്വാർട്ടർ ഉറപ്പിച്ചതിനാൽ പെറുവിനെതിരായ മത്സരം അർജന്റീനയ്ക്ക് നിർണായകമല്ല. ഇതുകൊണ്ടാണ് ടീമിൽ കാര്യമായ മാറ്റം വരുത്താൻ സ്കലോണി തീരുമാനിച്ചത്. മെസ്സിക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലയാന്ദ്രോ ഗർണാച്ചോ ടീമിലെത്തുമെന്നാണ് സ്കലോണി നൽകുന്ന സൂചന. മികച്ച ഫോമിലുള്ള, ലോകകപ്പ് ടീമിൽ അംഗമായിരുന്ന പൌളോ ഡിബാലയ്ക്ക് പകരം സ്കലോണി ടീമിൽ ഉൾപ്പെടുത്തിയ താരമാണ് ഗർണാച്ചോ. മെസ്സിയുടെ ശൈലിയിൽ കളിക്കുന്ന യുവതാരമാണ് ഗർണാച്ചോ എന്നാണ് വിലയിരുത്തപ്പെടുന്നത്. 

സ്കലോണി അവസാന നിമിഷം തീരുമാനം മാറ്റിയാൽ മെസ്സിക്ക് പകരം വാലന്റൈൻ കാർബോണി ആദ്യ ഇലവനിൽ എത്താനും സാധ്യതയുണ്ട്.

അർജന്റീനയുടെ ഭാവിതാരമെന്ന് വിശേഷിപ്പിച്ച ഗർണാച്ചോയെക്കുറിച്ച് സ്കലോണയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ആരെങ്കിലും ടീമിൽ നിന്ന് മാറിനിന്നാലേ ഗർണാച്ചോയ്ക്ക് അവസരം നൽകാൻ കഴിയുമായിരുന്നുള്ളൂ. പുറത്തുനിന്ന് നോക്കുമ്പോൾ ഏതെങ്കിലും ഒരുതാരത്തിന് അവസരം നൽകുക എന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാൽ തനിക്കങ്ങനെ എളുപ്പത്തിൽ തീരുമാനമെടുക്കാൻ കഴിയില്ല. 

ടീമിന് എപ്പോഴും പുതുമ നൽകാൻ കഴിയുന്ന യുവതാരമാണ് ഗർണാച്ചോ. ഇതുകൊണ്ടുതന്നെ ഗർണാച്ചോയെ കളിക്കളത്തിൽ കാണാൻ ഞങ്ങൾ പരിശീലകർ ആഗ്രഹിക്കുന്നു. പക്ഷേ ഗെയിംപ്ലാൻ തയ്യാറാക്കുമ്പോൾ എപ്പോഴും ഗർണാച്ചോയെ പരിഗണിക്കാൻ കഴിഞ്ഞെന്ന് വരില്ല. 

അർജന്റീനയുടെ പ്ലേയിംഗ് ഇലവനിൽ ഇടംകിട്ടുക എളുപ്പമുള്ള കാര്യമല്ല. പെറുവിനെതിരെ നന്നായി കളിച്ചാൽ വരും മത്സരങ്ങളിൽ പരിശീലകനായ എനിക്കും ടീമിലെ മറ്റൊരു താരത്തിനും വലിയ വെല്ലുവിളി ഉണ്ടാക്കുമെന്ന് ഉറപ്പാണെന്നും സ്കലോണി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍