യൂറോകപ്പിൽ സെമി ഫൈനലിൽ എത്തുന്ന ആദ്യ ടീമായി സ്പെയ്ൻ. എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ ആതിഥേയരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് സ്പെയ്ന്റെ മുന്നേറ്റം. നുറ്റിപ്പത്തൊൻപതാം മിനിറ്റിൽ മികേൽ മെറീനോയാണ് സ്വന്തം കാണികൾക്ക് മുന്നിൽ ജർമ്മൻ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയത്.
എക്സ്ട്രാ ടൈമിന്റെ നിശ്ചിതസമയം തീരാൻ സെക്കൻഡുകൾ ശേഷിക്കേ ഡാനി ഓർമോയുടെ പാസിൽ നിന്ന് അതിമനോഹരമായൊരു ഹെഡറിലൂടെയായിരുന്നു മെറീനോയുടെ വിജയഗോൾ. തിരിച്ചടിക്കാൻ ഒരവസരം കിട്ടിയെങ്കിലും ഭാഗ്യം ജർമ്മനിക്കൊപ്പം ആയിരുന്നില്ല. ലോംഗ് വിസിലിന് തൊട്ടുമുന്നേ ജമാൽ മുസ്യാലയെ വീഴ്ത്തിയതിന് സ്പെയ്ന്റെ ഡാനി കാർവഹാലിന് റഫറി ചുവപ്പുകാർഡ് കണ്ടു.
ടോണി ക്രൂസിന്റെ പ്രൊഫണൽ ഫുട്ബോളിലെ അവസാന ഫ്രീകിക്കോടെ ജർമ്മനി പുറത്തേക്ക്.നിശ്ചിത സമയത്ത് ഇരുടീമും ഓരോഗോൾ വീതം നേടി. ആദ്യപകുതി ഗോൾരഹിതം. അൻപത്തിയൊന്നാം മിനിറ്റിൽ ഡാനിൽ ഓൽമോയിലൂടെ സ്പെയ്ൻ മുന്നിലെത്തി. ജർമ്മൻ പ്രതിരോധ നിരയെ കീറിമുറിച്ചുള്ള ലാമിൻ യമാലിന്റെ മനോഹര പാസിൽ നിന്നായിരുന്നു പരിക്കേറ്റ പെഡ്രിക്ക് പകരമിറങ്ങിയ ഓൽമോ ലക്ഷ്യം കണ്ടത്.
ഗോൾ തിരിച്ചടിക്കാൻ ജർമ്മനി സർവതും മറന്നാക്രമിച്ചു. പലപ്പോഴും ഗോളിന് അരികെ എത്തിയെങ്കിലും സ്പെയ്ൻ പിടിച്ചുനിന്നു. എന്നാൽ കളിതീരാൻ ഒരുമിനിറ്റുള്ളപ്പോൾ ജർമ്മനി ഒപ്പമെത്തി. ഫ്ലോറിയൻ വിർറ്റ്സ് ആയിരുന്നു സ്കോറർ. ജയമുറപ്പിച്ച സ്പെയ്ന് കളിതീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ വീണ ഗോൾ വലിയ ആഘാതമായി.
ഇരുടീമും ഓരോ ഗോൾ വീതം നേടിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. ഗോൾ നേടാൻ ഇരുടീമും കിണഞ്ഞുശ്രമിച്ചെങ്കിലും ഗോൾ അകന്നുനിന്നു. ലീഡുയർത്താൻ വിർറ്റ്സിന് അവസരം കിട്ടിയെങ്കിലും ലക്ഷ്യം പിഴച്ചു.സ്പെയ്ൻ സെമിയിൽ ഫ്രാൻസ് പോർച്ചുഗൽ വിജയികളെ നേരിടും

0 അഭിപ്രായങ്ങള്‍