Ads

header ads

ഇന്റർ മയാമിയിൽ മെസ്സിക്ക് സംഭവിക്കുന്നത്

 


കോപ്പ അമേരിക്ക കിരീടം നേടിയ സന്തോഷത്തോടെ എത്തിയപ്പോഴാണ് എല്ലാമെല്ലാമായ ബാഴ്സലോണയിൽ ഇനി തനിക്ക് സ്ഥാനമില്ലെന്ന് ലിയണൽ മെസ്സി തിരിച്ചറിഞ്ഞത്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു പ്രധാന കാരണം. ശമ്പളം പകുതിയായി കുറയ്ക്കാമെന്ന് പറഞ്ഞിട്ടും മെസ്സിയെ ടീമിൽ നിലനിർത്താൻ ബാഴ്സലോണ തയ്യാറായില്ല. ഇതോടെ മറ്റ് വഴികളില്ലാതെ, കണ്ണീരോടെ മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറി.


 ബാഴ്സലോണയിൽ മിന്നിത്തിളങ്ങിയ മെസ്സിയെ വല്ലപ്പോഴുമാണ് പിഎസ്ജിയിൽ ആരാധകർ കണ്ടത്. മിക്കപ്പോഴും പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനാവാതെ മെസ്സിക്ക് തലകുനിക്കേണ്ടിവന്നു. പാരിസ് ക്ലബുമായുള്ള രണ്ടുവർഷ കരാർ പൂർത്തിയാക്കി ഇന്റർ മയാമിയിലെത്തിയ മെസ്സി ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച ഫോമിനെ ഓർമിപ്പിച്ചാണ് പന്ത് തട്ടുന്നത്. മയാമിക്കായി ഇറങ്ങിയ ആറ് കളിയിലും ഗോൾ നേടിയ മെസ്സി ടീമിനെ ചരിത്രത്തിൽ ആദ്യമായി ഒരു ഫൈനലിലും എത്തിച്ചു. 


ലീഗ്സ് കപ്പിന്റെ ഫൈനലിൽ എത്തുമ്പോൾ ഇന്റർ മയാമി ഒറ്റത്തോൽവി അറിഞ്ഞിട്ടില്ല. ഒറ്റ ജയം അകലെ മെസ്സിയെയും മയാമിയെയും കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്. നിലവിലെ പോക്കനുസരിച്ച് മെസ്സി കപ്പുയർത്താൻ തന്നെയാണ് സാധ്യത. ആറ് കളിയിൽ ഒൻപത് ഗോൾ നേടിയ മെസ്സി തന്നെയാണ് മയാമിയെ ചുമലിലേറ്റിന്നത്. ടൂർണമെന്റിലെ ടോപ് സ്കോററും മെസ്സി തന്നെ. അർജന്റൈൻ നായകൻ എത്തിയതോടെ മയാമിയിലെ മറ്റ് താരങ്ങളും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തുടങ്ങിയെന്നതാണ് മറ്റൊരു പ്രധാനമാറ്റം. 


ബാഴ്സലോണയിലെ സഹതാരങ്ങളും ഉറ്റസുഹൃത്തുക്കളുമായ ജോർഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്  എന്നിവർകൂടി എത്തിയതോടെ മെസ്സി മയാമിയിൽ വളരെ സന്തോഷവാനാണ്. കളിക്കളത്തിലും പരിശീലനത്തിലും പുറത്തുമെല്ലാം ഈ സന്തോഷം മെസ്സിയുടെ മുഖത്തും പെരുമാറ്റത്തിലും കാണാം. ഈ സന്തോഷം തന്നെയാണ് മെസ്സിയെ മികച്ച പ്രകടനത്തിലേക്ക് നയിക്കുന്നത്. ഇതേസമയം പി എസ് ജിയിലെ രണ്ടുവർഷ കാലത്ത് മെസ്സിയെ ഇങ്ങനെ സന്തോഷവാനായി ആരാധകർ അധികം കണ്ടിട്ടില്ല. പലപ്പോഴും സമ്മർദത്തിന് അടിപ്പെട്ടതോടെ യഥാർഥ മികവ് പുറത്തെടുക്കാൻ മെസ്സിക്ക് കഴിഞ്ഞില്ല. 


പിഎസ്ജിക്കായി 75 മത്സരങ്ങളിലാണ് മെസ്സികളിച്ചത്. 32 ഗോളും 34 അസിസ്റ്റും സ്വന്തമാക്കി. ശരാശരി താരത്തിന്റെ പ്രകടനമായി പരിഗണിച്ചാൽ വളരെ മികച്ച കണക്കുകളാണിത്. എന്നാൽ മെസ്സിയെന്ന മാന്ത്രികനിലേക്ക് നോക്കുമ്പോൾ ഇതിലും എത്രയോ ഗോളുകളും അസിസ്റ്റുകളും താരത്തിന്റെ പേരിനൊപ്പം ഉണ്ടാവണമായിരുന്നു. മയാമിയിലെ ആറ് കളിയിൽ ഒൻപത് ഗോൾ മെസ്സി നേടിക്കഴിഞ്ഞു. എല്ലാ കളിയിലും മെസ്സി ഗോൾ നേടി എന്നതാണ് സവിശേഷത്ര. മാത്രമല്ല, രണ്ട് പെനാൽറ്റി കിക്കുകൾ മെസ്സി സഹതാരങ്ങൾക്കായി ഒഴിഞ്ഞ് കൊടുക്കുകയും ചെയ്തു. ഇല്ലെങ്കിൽ മെസ്സിയുടെ പേരിനൊപ്പം ഇതിനോടകം പതിനൊന്ന് ഗോളായേനെ.


 ഇതിനെല്ലാം പുറമേ പാരീസ് നഗരത്തിലെ ജീവിതശൈലിയും ഭാഷയുമെല്ലാം മെസ്സിക്കും കുടുംബത്തിനും വലിയ കടമ്പകളായിരുന്നു. മയാമിലേക്ക് തിരികെ എത്തിയതോടെ ബാഴ്സയിലേക്ക് തിരികെ എത്തിയപോലെയാണ് മെസ്സിക്ക് അനുഭവപ്പെടുന്നത്. മാത്രമല്ല, മയാമിയിൽ ലാറ്റിനമേരിക്കക്കാരുടെ സാന്നിധ്യവും കൂടുതലാണ്. നിലവിലെ സാചഹര്യങ്ങളും മെസ്സിയുടെ സന്തോഷവും ഗോളടിയുമെല്ലാം പരിഗണിക്കുമ്പോൾ ഇന്റർ മയാമി അമേരിക്കൻ ഫുട്ബോളിൽ പുതുചരിത്രം എഴുതുമെന്ന് ഉറപ്പാണ്. റൊണാൾഡോയ്ക്ക് പിന്നാലെ സൌദി ക്ലബുകളിലേക്ക് പ്രമുഖ താരങ്ങൾ എത്തിയതുപോലെ അടുത്ത സീസണിൽ മേജർ ലീഗ് സോക്കറിലേക്കും കൂടുതൽ പ്രധാന താരങ്ങൾ എത്തുമെന്ന് ഉറപ്പാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍