അർജന്റീനയുടെ സ്വപ്ന പരിശീലകനാണ് ലിയണൽ സ്കലോണി. മൂന്നരപതിറ്റാണ്ട് നീണ്ട കിരീട വരൾച്ച അവസാനിപ്പിച്ച് കോപ്പ അമേരിക്കയും ഫൈനലിസിമയും ലോകകപ്പും അർജന്റീനയ്ക്ക് നേടിക്കൊടുത്ത പരിശീലകൻ. 2018 ലോകകപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെയാണ് സ്കലോണി അർജന്റൈൻ ടീമിന്റെ പരിശീലകനായത്. അവിടെ നിന്നാണ് സ്കലോണി തോൽക്കാൻ മടിയുള്ള , കിരീടങ്ങളെല്ലാം സ്വന്തമാക്കിയ ടീമാക്കി അർജന്റീനയെ മാറ്റിയത്.
അടുത്ത ലോകകപ്പ് വരെ സ്കലോണിയുടെ കരാർ അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ നീട്ടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് താൻ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുകയാണെന്ന സൂചന സ്കലോണി നൽകിയത്. ലോകകപ്പ് യോഗ്യതാ റൌണ്ടിൽ ബ്രസീലിനെ തോൽപിച്ചതിന് പിന്നാലെയായിരുന്നു സ്കലോണിയുടെ വെളിപ്പെടുത്തൽ. രണ്ടുവർഷമായി തനിക്ക് കീഴിൽ ടീം നടത്തിയ മികവ് നിലനിർത്തുക വെല്ലുവിളിയാണെന്നും ഊർജസ്വലനായ പരിശീലകനെ അർജന്റീനയ്ക്ക് ആവശ്യമുണ്ട് എന്നുമായിരുന്നു സ്കലോണിയുടെ വാക്കുകൾ. ഇതിനിടെ അർജന്റൈൻ ഫുട്ബോൾ അസോസിയേഷനുമായുള്ള ഭിന്നതയാണ് സ്കലോണിയുടെ തീരുമാനത്തിന് പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങൾ കണ്ടെത്തി.
ഇപ്പോഴിതാ സ്കലോണി പരിശീലക സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കാരണം നായകൻ ലിയണൽ മെസ്സിയാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. ദി അത്ലറ്റിക്കാണ് ഏറെ കോളിളക്കം ഉണ്ടാവാൻ സാധ്യതയുള്ള വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ബ്രസീലിനെതിരെയുള്ള മത്സരത്തിന് മുന്നേ നടന്ന സംഭവങ്ങളാണ് മെസ്സിയും സകലോണിയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. മത്സരത്തിന് മുന്നോടിയായി അർജന്റൈൻ ആരാധകരും പൊലീസും ഗാലറിയിൽ ഏറ്റുമുട്ടിയിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണം വിട്ടതോടെ മെസ്സി സഹതാരങ്ങളുമായി ലോക്കർ റൂമിലേക്ക് മടങ്ങിയിരുന്നു. ഈ തീരുമാനം കോച്ച് സ്കലോണിയോടോ സഹപരിശീലകരോടോ ആലോചിക്കാതെ മെസ്സി ഒറ്റയ്ക്ക് എടുത്തതായിരുന്നു. ഇതിൽ സ്കലോണിക്ക് കടുത്ത അതൃപ്തിയുണ്ട്.
പരിശീലകനെന്ന നിലയിൽ തന്നോട് ആലോചിക്കാതെ മെസ്സി ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നുവെന്നാണ് സ്കലോണിയുടെ പരാതി. ഇതാവട്ടെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം വഷളാക്കുകയും ചെയ്തുന്നു. ഈ പശ്ചാത്തലത്തിലാണ് സ്കലോണി രാജിക്ക് ഒരുങ്ങുന്നതെന്നാണ് ദി അത്ലറ്റിക്കിന്റെ കണ്ടെത്തൽ. ലോകകപ്പ് നേടിയപ്പോൾ പ്രഖ്യാപിച്ച സമ്മാനത്തുക ഇതുവരെ എ എഫ് എ സ്കലോണിക്കും സഹപരിശീലകർക്കും നൽകിയിട്ടില്ല. ഇതുകൊണ്ടുതന്നെ കോപ്പ അമേരിക്കയ്ക്ക് ശേഷം സ്കലോണി സ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകൾ സ്കലോണിയെ സ്വന്തമാക്കാൻ രംഗത്തുണ്ട്.


0 അഭിപ്രായങ്ങള്‍