Ads

header ads

ബ്രസീൽ വിമർശകർക്ക് നെയ്മറിന്റെ മറുപടി

Neymar took to social media to share an emotional message addressing Brazil's critics after their Copa America draw against Costa Rica.

2021ലെ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയോട് തോറ്റതുമുതൽ ബ്രസീലിന് അത്ര നല്ലകാലമല്ല.  ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായ ബ്രസീൽ 2026 ലോകകപ്പിന്റെ യോഗ്യതാ റൌണ്ടിൽ തുടർ തിരിച്ചടികൾ നേരിട്ടു. ഇതുകൊണ്ടുതന്നെ ഇത്തവണത്തെ കോപ്പ ബ്രസീലിന് അഭിമാനപ്പോരാട്ടമാണ്. എന്നാൽ കോസ്റ്റാറിക്കയ്ക്കെതിരെ ഗോളില്ലാ സമനില വഴങ്ങാനായിരുന്നു ബ്രസീലിന്റെ വിധി. 

ഇതോടെ ബ്രസീൽ ടീമിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ബ്രസീൽ ടീമിന് പൂർണ പിന്തുണ അറിയിച്ച സൂപ്പർ താരം നെയ്മർ ജൂനിയർ വിമർശകർക്ക് മറുപടി നൽകുകയും ചെയ്തു. നെയ്മർ സാമൂഹിക മാധ്യങ്ങളിൽ വിമർശകർക്ക് നൽകിയ മറുപടി ഇങ്ങനെയാണ്. കളിക്കളത്തിൽ ഓരോ മത്സരത്തിന് ഇറങ്ങുമ്പോഴും ഞങ്ങളെല്ലാവരും ഏറ്റവും മികച്ച പ്രകടനം നടത്താനാണ് പരിശ്രമിക്കുന്നത്. ചിലദിവസങ്ങളിൽ എത്ര ശ്രമിച്ചാലും പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ സംഭവിക്കില്ല. മറ്റുചിലപ്പോൾ എല്ലാകാര്യങ്ങളും അനുകൂലമായി വരും.

 ബ്രസീൽ ഫുട്ബോൾ താരമാവുക എന്നത് എളുപ്പമുള്ള കാര്യമില്ല. ഓരോ താരത്തിന്റെയും ഓരോ കിക്കും പാസും ജീവിതവുമെല്ലാം എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കും. ബ്രസീലിലെ എല്ലാവരും ഫുട്ബോൾ താരങ്ങളാവാൻ ആഗ്രഹിക്കുന്നു. അവർക്കെല്ലാം ബ്രസീൽ ദേശീയ ടീമിൽ കളിക്കണമെന്ന സ്വപ്നമുണ്ട്. അതിനായി എല്ലാവരും പരിശ്രമിക്കുന്നു. ഇതുകൊണ്ടുതന്നെ ടീമിന് പുറത്തുള്ളവർ കരുതുന്നത് ടീമിലുള്ളവരെക്കാൾ കാര്യങ്ങൾ അവർക്ക് അറിയാമെന്നാണ്. 

നിങ്ങൾ പുറത്തുനിന്ന് കാണുന്നതല്ല ടീമിനകത്ത് നടക്കുന്നത്. കോസ്റ്റാറിക്കയ്ക്കെതിരായ മത്സരത്തിൽ ഗോളും വിജയവുമില്ലാതെ വന്നപ്പോൾ പലതരം വിമർശനങ്ങൾ ഉയർന്നത് കണ്ടു. അത് സ്വാഭാവികമാണ്. എന്നാൽ വിമർശനങ്ങൾ അതിരുവിടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.  ആ കളി കഴിഞ്ഞു. നമ്മൾ അതിൽതൂങ്ങി ഇരുന്നിട്ട് കാര്യമില്ല. മുന്നോട്ട് പോകണം. കൂടുതൽ നന്നായി പരിശീലനം നടത്തി മികച്ച പ്രകടനത്തിനായി പരിശ്രമിക്കണം.

 ഈ ടീമിനെ എല്ലാവരും വിശ്വസിക്കണം. കാരണം അവർ രാജ്യത്തിനായും ആരാധകർക്കായും  ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും നെയ്മർ പറഞ്ഞു. 

ലോകകപ്പ് യോഗ്യതാ റൌണ്ടിനിടെ കാലിന് ഗുരുതര പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മർ കോപ്പ അമേരിക്കയിൽ കളിക്കുന്നില്ല. പി എസ് ജി വിട്ട നെയ്മർ ഇപ്പോൾ സൌദി ക്ലബ് അൽ ഹിലാലിന്റെ താരമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍