യൂറോ കപ്പ് പ്രീക്വാട്ടറിൽ സ്ലോവാക്യക്കെതിരെ അവസാന മിനിറ്റിലെ ഗോളിലൂടെ രക്ഷപ്പെടുകയായിരുന്നു ഇംഗ്ലണ്ട്. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡുകളിൽ ജൂഡ് ബെല്ലിംഗ്ഹാം നേടിയ ഗോളിലാണ് ഇംഗ്ലണ്ട് സമനില നേടിയത്. എക്സ്ട്രാ ടൈമിൽ ഹാരി കെയ്ന്റെ ഗോൾ ഇംഗ്ലണ്ടിനെ ക്വാർട്ടറിലേക്ക് നയിക്കുകയും ചെയ്തു. അവസാന സെക്കൻഡിൽ തോൽവിയിൽ നിന്ന് രക്ഷപ്പെട്ട ഇംഗ്ലണ്ട് താരങ്ങളുടെ സന്തോഷം വളരെ വലുതായിരുന്നു.
ഗോൾ നേടിയ ജൂഡ് ബെല്ലിംഗ്ഹാമും തന്റെ സന്തോഷം മറച്ചുവച്ചില്ല. എന്നാൽ ഈ സന്തോഷ പ്രകടനത്തിനിടെ നടത്തിയൊരു ആംഗ്യം ഫുട്ബോളിന്റെ മാന്യതയ്ക്ക് നിരക്കുന്നത് അല്ലെന്നാണ് യുവേഫയുടെ കണ്ടെത്തൽ. ഗോൾ നേടി ആഹ്ളാദപ്രകടനത്തിനും ശേഷം കെയ്നൊപ്പം നടക്കുന്നതിനിടെ ഗാലറിക്ക് അഭിമുഖമായിട്ടായിരുന്നു ബെല്ലിംഗ്ഹാമിന്റെ അശ്ലീല ആഗ്യം. കളിക്കളത്തിലെ മാന്യതവിട്ട പെരുമാറ്റമെന്നാണ് യുവേഫയുടെ കണ്ടെത്തൽ.
🚨 UEFA have confirmed that Jude Bellingham is under investigation for a gesture he made during England's win over Slovakia. 🏴 pic.twitter.com/hqri5VVnjd
— Football Tweet ⚽ (@Football__Tweet) July 1, 2024
യുവേഫയുടെ കൺട്രോൾ, എത്തിക്സ് ആൻഡ് ഡിസിപ്ലിനറി ബോഡിയാണ് ശിക്ഷാ നടപടികൾ സ്വീകരിക്കുക. ഇക്കാര്യത്തിൽ യുവേഫയുടെ സമിതി വിശദമായ അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. ജൂഡിന് സസ്പെൻഷൻ ഉൾപ്പടെയുള്ള നടപടി വരുകയാണെങ്കിൽ ഇംഗ്ലണ്ടിന് ക്വാർട്ടർ ഫൈനലിൽ കനത്ത തിരിച്ചടിയായിരിക്കും.
പിഴശിക്ഷയാണെങ്കിൽ ജൂഡിന് കളിക്കാനാവുമെന്നത് ഇംഗ്ലണ്ടിന് ആശ്വാസമാവും. ആദ്യമത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചത് ബെല്ലിംഗ്ഹാമിന്റെ ഒറ്റഗോളിനായിരുന്നു. പ്രീക്വാർട്ടറിലെ ഇഞ്ചുറി ടൈം ഗോളില്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് ഇതിനോടകം നാട്ടിലേക്ക് മടങ്ങിയേനേ. ഈ സീസണിൽ ബാലൺ ഡി ഓർ പുരസ്കാരം കിട്ടാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളാണ് ബെല്ലിംഗ്ഹാം.


0 അഭിപ്രായങ്ങള്‍