Ads

header ads

പി എസ് ജി മെസ്സിയെ ഒഴിവാക്കുന്നു, നെയ്മറേയും


കഴിഞ്ഞ കുറേനാളുകളായി ലിയണൽ മെസ്സിക്ക് കാര്യങ്ങളെല്ലാം സ്വപ്നസമാനമായിരുന്നു. ഖത്തർലോകകപ്പിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കി. ഫിഫ ദ് ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി. ഫ്രഞ്ച് ലീഗിൽ മികച്ച പ്രകടനം നടത്തി. എന്നാൽ കഴിഞ്ഞ ദിവസം മെസ്സിക്ക് കൈപ്പേറിയ അനുഭവമായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യുണിക്കിനോട് തോറ്റ് പി എസ് ജി പുറത്തായി. മെസ്സിയും എംബാപ്പേയും ഉണ്ടായിട്ടും ഒറ്റഗോൾപോലും തിരിച്ചടിക്കാൻ പി എസ് ജിക്ക് കഴിഞ്ഞില്ല. 

എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇരുപാദങ്ങളിലുമായി ബയേൺ മ്യൂണിക്കിന്റെ വിജയം. ഇതോടെ മെസ്സി കളിച്ച രണ്ട് സീസണിലും പി എസ് ജി ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ പുറത്തായി. ഇതോടെ പി എസ് ജി പുതിയ തീരുമാനങ്ങളെടുത്തു എന്നാണ് പുതിയ റിപ്പോർട്ട്.  ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. മെസ്സിയുമായി കരാർ പുതുക്കേണ്ടെന്നാണ് പിഎസ്ജിയുടെ പുതിയ തീരുമാനം. 

മെസ്സിയുടെ രണ്ടുവർഷ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങൾ വരെ മെസ്സിയുടെ കരാർ പുതുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു പി എസ് ജി മാനേജ്മെന്റ്. എന്നാൽ ടീമിന്റെ ഏറ്റവും വലിയ സ്വപ്നമായ ചാമ്പ്യൻസ് ലീഗിൽ രണ്ട് സീസണിലും മെസ്സി പരാജയപ്പെട്ടു. പ്രായമേറി വരുന്ന മെസ്സിയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാനാവില്ലെന്ന് ക്ലബ് മാനേജ്മെന്റ് കരുതുന്നു.

മാത്രമല്ല, അർജന്റൈൻ ദേശീയ ടീമിനോടുള്ള ആത്മാർഥത മെസ്സിക്ക് പി എസ് ജിയോട് ഇല്ലെന്ന് ആരാധകർ ആരോപിക്കുന്നുണ്ട്. മുൻതാരങ്ങൾക്കും ഇതേനിലപാടാണുള്ളത്. ഈ സാഹചര്യവും മെസ്സിയുമായി കരാർ പുതുക്കേണ്ടെന്ന തീരുമാനത്തിലേക്ക് എത്താൻ കാരണമായിട്ടുണ്ട്. 


മെസ്സിയെ മാത്രമല്ല, ബ്രസീലിയൻ സൂപ്പർതാരം നെയ്മറെയും ഒഴിവാക്കാനാണ് പിഎസ്ജിയുടെ തീരുമാനം. സ്ഥിരതയില്ലാത്ത പ്രകടനത്തിനൊപ്പം, അടിക്കടിയേൽക്കുന്ന നെയ്മറുടെ പരിക്കും പിഎസ്ജിക്ക് ബാധ്യതയാവുന്നുണ്ട്. മെസ്സിയുടെ കരാർ ഈ സീസണോടെ അവസാനിക്കുമെങ്കിലും നെയ്മർക്ക് 2025വരെ കരാർ ബാക്കിയുണ്ട്. കരാർ അവസാനിക്കാതെ ടീം വിട്ട് പോകില്ലെന്നാണ് നിലവിൽ നെയ്മറുടെ തീരുമാനം.

 ലീഗ് വണ്ണിൽ ലിലിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ നെയ്മറിന് ഈ സീസണിലെ ശേഷിച്ച മത്സരങ്ങളിൽ കളിക്കാനാവില്ല. നെയ്മർ, മെസ്സി എന്നിവരെ ഒഴിവാക്കി കിലിയൻ എംബാപ്പേയെ കേന്ദ്രീകരിച്ച് ടീം ഉടച്ചുവാർക്കാനാണ് പി എസ്ജിയുടെ ആലോചന. എന്നാൽ എംബാപ്പേയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശക്തമായി രംഗത്തുള്ളത് പി എസ് ജിക്ക് വെല്ലുവിളിയാണ്. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ റയലിൽ കളിക്കണമെന്ന ആഗ്രഹം എംബാപ്പേയ്ക്കുമുണ്ട്. 


കഴിഞ്ഞ സീസണിൽ എംബാപ്പേ റയലുമായി കരാറിൽ ഒപ്പുവയ്ക്കുന്നതിന് അരികിൽ എത്തിയിരുന്നു. റയലുമായി വാക്കാൽ ധാരണയിൽ എത്തിയിന് ശേഷമാണ് എംബാപ്പേ ബാഹ്യസമ്മർദങ്ങളെ തുടർന്ന് പി എസ് ജിയുമായി കരാർ പുതുക്കിയത്. എന്തായാലും വരുന്ന സമ്മറിൽ പി എസ് ജിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പാണ്.


Summary: PSG Will Cancel Lionel Messi Contract Renewal Because Of Fan Revolt Following Champions League Exit 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍