യൂറോപ്യൻ ക്ലബ് ഫുട്ബോൾ സീസൺ അവസാന നാളുകളിലേക്ക് എത്തിയപ്പോൾ ലിയണൽ മെസ്സിയാണ് ശ്രദ്ധാകേന്ദ്രം. മെസ്സി പി എസ് ജിയിൽ തുടരുമോ അതോ ബാഴ്സലോണയിലേക്ക് ചേക്കേറുമോ എന്നറിയാനാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്. മെസ്സി ബാഴ്സയിലേക്ക് മടങ്ങുമെന്ന തരത്തിലാണ് ഓരോ ദിവസവും റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
പി എസ് ജിയുമായുള്ള കരാർ ചർച്ചകൾ മെസ്സി നിർത്തിവച്ചുവെന്നും ബാഴ്സ മാനേജ്മെന്റിന് ഗ്രീൻ സിഗ്നൽ നൽകിയെന്നുമുള്ള റിപ്പോർട്ടുകൾ ശക്തമാണ്. ഇതോടൊപ്പം അടുത്ത സീസണിൽ മെസ്സി കാംപ് നൌവിൽ കളിക്കുമെന്ന് ബാഴ്സ പ്രസിഡന്റ് യുവാൻ ലപ്പോർട്ടയും ആരാധകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ബാഴ്സയുമായി നല്ല ബന്ധമല്ലെങ്കിലും ലാ ലീഗ പ്രസിഡന്റ് ഹവിയർ ടെബാസും മെസ്സി ലാ ലിഗയിലേക്ക് തിരികെ എത്തണമെന്ന് ആഗ്രഹമുണ്ട്.
ഇതിനിടെ സ്പാനിഷ് ഫുട്ബോൾ റിപ്പോർട്ടർ ജെറാർഡ് റൊമേറോ നിർണായകമായൊരു വിവരം പുറത്തുവിട്ടിട്ടുണ്ട്. തന്റെ കാര്യത്തിൽ എത്രയും വേഗത്തിൽ തീരുമാനം എടുക്കണമെന്നും ഇല്ലെങ്കിൽ പി എസ് ജിയുമായുള്ള കരാർ പുതുക്കേണ്ടി വരുമെന്നുമാണ് മെസ്സി ബാഴ്സ മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നത്. ബാഴ്സലോണ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാത്തതിനാലാണ് മെസ്സി ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിരിക്കുന്നത്. എന്തായാലും ബാഴ്സലോണയിലേക്ക് തിരികെ വരാൻ സന്നദ്ദനാണ് എന്നുതന്നെയാണ് മെസ്സിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
2021ലാണ് മെസ്സി ബാഴ്സ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. രണ്ടുവർഷ കരാർ ജൂണിൽ പൂർത്തിയാവും. കരാർ പുതുക്കാൻ പി എസ് ജി ശ്രമിക്കുന്നതിനിടെയാണ് ബാഴ്സലോണ താരത്തിനായി രംഗത്തെത്തിയത്. ലോകകപ്പിന് ശേഷം പി എസ് ജി ആരാധകർ മെസ്സിക്കെതിരെ തിരിഞ്ഞിരുന്നു. ഇതിന്റെ അസംതൃപ്തിയിൽ നിൽക്കേയാണ് ബാഴ്സയുടെ ഓഫർ വന്നതും, മെസ്സി അനുകൂല നിലപാട് സ്വീകരിച്ചതും.
പക്ഷേ, 2021ൽ മെസ്സി ക്ലബ് വിടുമ്പോൾ ഉണ്ടായിരുന്ന സാമ്പത്തികാവസ്ഥയിൽ നിന്ന് വലിയ മാറ്റമൊന്നും ബാഴ്സയ്ക്ക് ഉണ്ടായിട്ടില്ല. ഇതുകൊണ്ടാണ് എത്രയും വേഗം ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് മെസ്സി ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ തനിക്ക് പി എസ് ജിയുമായി കരാർ പുതുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും റൊമേറോ വ്യക്തമാക്കുന്നു.
നിലവിലെ ശമ്പളബില്ലിൽ 200 മില്യൺ യൂറോ എങ്കിലും കുറച്ചാലേ ബാഴ്സയ്ക്ക് മെസ്സിയെ സൈൻ ചെയ്യാൻ കഴിയൂ. ഇതിനായി റഫീഞ്ഞ, അൻസുഫാറ്റി, ഫെറാൻ ടോറസ് തുടങ്ങിയവരെ വിൽക്കാനുള്ള നീക്കത്തിലാണിപ്പോൾ ബാഴ്സലോണ.

0 അഭിപ്രായങ്ങള്‍