Ads

header ads

രാജിക്കൊരുങ്ങി സ്കലോണി

 


ലോകകപ്പ് യോഗ്യതാ റൌണ്ടിലെ തീപാറും പോരാട്ടത്തിൽ അർജന്റീന ഒറ്റഗോളിനാണ് ബ്രസീലിനെ തോൽപിച്ചത്. മാരക്കാന സ്റ്റേഡിയത്തിന്റെ ഗാലറിയിലും കളിത്തട്ടിലും ഒരുപോലെ കയ്യാങ്കളി നടന്ന മത്സരത്തിൽ ഒറ്റഗോളിനായിരുന്നു അർജന്റീനയുടെ ജയം. രണ്ടാം പകുതിയിൽ നിക്കോളാസ് ഓട്ടമെൻഡിയാണ് നിർണായക ഗോൾ നേടിയത്. 



മത്സരശേഷം അർജന്റൈൻ കോച്ച് ലിയണൽ സ്കലോണയുടെ വാക്കുകൾ കേട്ട് അമ്പരന്നിരിക്കുകയാണ് ഫുട്ബോൾ ലോകം. അർജന്റീനയുടെ പരിശീലകനായി തുടർന്നേക്കില്ലെന്ന സൂചനയാണ് സ്കലോണി നൽകിയത്.  താരങ്ങളുമായി പ്രശ്നങ്ങൾ ഇല്ലെങ്കിലും അർജന്റൈൻ ഫുട്ബോൾ അസോസിയേഷനുമായി സ്കലോണി നല്ല ബന്ധത്തിൽ അല്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. 


അർജന്റൈൻ ടീമിനൊപ്പം തുടരുക പ്രയാസമാണ്. തുടർ വിജയങ്ങൾ നേടുന്നതും പ്രയാസമാണ്. ചിലയാളുകൾ ഞങ്ങളെ പ്രയാസത്തിലാഴ്ത്തുന്നു. ഭാവിയെക്കുറിച്ച് ചിന്തിക്കാൻ സമയമായിരിക്കുന്നു. എന്താണ് വേണ്ടതെന്ന് ചിന്തിക്കണം. അർജന്റൈൻ ടീമിന് നല്ല എനർജിയുള്ള പരിശീലകൻ ആവശ്യമായിരിക്കുന്നു. പ്രതീക്ഷയുടെയും സമ്മദർത്തിന്റെയും അളവ് വളരെ വലുതാണ്. എന്തായാലും ഭാവിയെക്കുറിച്ച് ചിന്തിക്കാൻ സമയമായിട്ടുണ്ട്  എന്നായിരുന്നു മത്സശേഷം സ്കലോണിയുടെ വാക്കുകൾ. 


മാത്രമല്ല, മത്സരശേഷം സ്കലോണി സഹപരിശീലകരെയെല്ലാം മൈതാനമധ്യത്തിലേക്ക് വിളിച്ച് ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു. സ്കലോണിയും എ എഫ് എ പ്രസിഡന്റ് ടാപ്പിയയുമായാണ് പ്രശ്നങ്ങൾ ഉള്ളതെന്നാണ് അർജന്റൈൻ മാധ്യമം ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്. കോപ്പ അമേരിക്കയ്ക്ക് ശേഷമാണ് ലോകകപ്പ് യോഗ്യതാ റൌണ്ടിൽ അർജന്റീനയുടെ ശേഷിക്കുന്ന മത്സരങ്ങൾ. 


കോപ്പയ്ക്ക് മുന്നേ അർജന്റീനയ്ക്ക് സന്നാഹമത്സരങ്ങളുണ്ട്. ഇതിന് മുൻപ് സ്കലോണിയും ടാപ്പിയയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ലോകമെമ്പാടുമുള്ള ആരാധകർ ആഗ്രഹിക്കുന്നത്. കാരണം തകർച്ചയുടെ നെല്ലിപ്പടി കണ്ട അർജന്റൈൻ ടീമിന് ലോകകപ്പ് അടക്കം സാധ്യമായ എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകനാണ് സ്കലോണി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍